സ്ഥാപന ചരിത്രം
സത്യങ്ങളും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു ഭൂതകാലചരിത്രമാണ് പുല്ലമ്പാറ ഗ്രാമപഞ്ചായത്തിനുള്ളത്. വേങ്കമല കുന്നിന്‍റെ അടിവാരത്തുള്ള “ആളുകിടക്കാംപാറ’ പഞ്ചപാണ്ഡവന്മാര്‍ വനവാസകാലത്ത് വിശ്രമിച്ചതായി പറയപ്പെടുന്നു. പുരാണങ്ങളില്‍ പറയുന്ന ഭദ്രകാളിയും ദാരികനുമായുള്ള യുദ്ധത്തിലെ അവസാനഭാഗം നടന്നത് ഈ ഗ്രാമത്തിലാണത്രെ. ദാരികന്റെ തലയറ്റ സ്ഥലം തലയാറ്റുമലയും രക്തം വീണത് രുധിരംകുഴിയും വാള്‍ എറിഞ്ഞത് വാളെറിഞ്ഞാംകുഴിയും ഭദ്രകാളി വിശ്രമിച്ചത് വേങ്കമലയുമാണെന്ന് ഐതിഹ്യം. തിരുവനന്തപുരം ജില്ലയിലെ പ്രധാന ആരാധനാകേന്ദ്രങ്ങളില്‍ ഒന്നായ വേങ്കമലയിലെ പ്രതിഷ്ഠ വനദുഗ്ഗയാണ്. തലയാറ്റു മലയിലെ പ്രധാനചടങ്ങാണ് സമൂഹസദ്യ. ഗുരുകുലരീതിയിലുള്ള വിദ്യാഭ്യാസമുറകളാണ് അടുത്തകാലം വരെ നിലനിന്നിരുന്നത്. ഈ ഗുരുകുലങ്ങളില്‍ അവർണ്ണർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. കേരളത്തിന്റെ മറ്റു പ്രദേശങ്ങളെപ്പോലെ തന്നെ ഉച്ചനീചത്വവും കടുത്ത ജാതിവ്യവസ്ഥയും അരനൂറ്റാണ്ടു മുമ്പു വരെ നിലനിന്നിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ സ്വാധീനം, ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രചാരം, പുരോഗമന സാഹിത്യപ്രസ്ഥാനങ്ങളുടെ വ്യാപനം എന്നിവ ഇത്തരം സാമൂഹ്യതിന്മകളെ ചെറുത്തുനിൽക്കാൻ ജനങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങളാണ്. പുരാതനഹൈന്ദവാരാധനാലയങ്ങള്‍ പോലെ തന്നെ പുരാതനങ്ങളായ മുസ്ലീം പള്ളികളും ക്രിസ്ത്യന്‍ പള്ളികളും ഈ പ്രദേശങ്ങളിലും നിലവിലുണ്ടായിരുന്നതായി ചരിത്ര രേഖകളില്‍ നിന്നും പഴമൊഴികളില്‍ നിന്നും അറിവായിട്ടുണ്ട്. മുസ്ലീം പള്ളികളില്‍ മാണിക്കല്‍, പേരുമല എന്നീ ജമാ അത്തുകള്‍ പഴക്കം ചെന്നവയാണ്. ദേശീയ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ അതിന്റെ അലയൊലികള്‍ മറ്റു പ്രദേശങ്ങളെപ്പോലെ പുല്ലമ്പാറ ഗ്രാമത്തിലും കടന്നുവന്നു. 1942-ല്‍ മഹാത്മാഗാന്ധി മാണിക്കല്‍ പഞ്ചായത്തിലെ കോട്ടപ്പുറം മൈതാനിയില്‍ നടത്തിയ പ്രസംഗം സ്വാതന്ത്ര്യേച്ഛുക്കളായ യുവജനവിഭാഗം സംഘടിതമാകുവാന്‍ നിദാനമായി. സ്വാതന്ത്ര്യസമര സേനാനികളായ പൊന്നറ ശ്രീധറുടെയും സോഷ്യലിസ്റ്റായ എം.എന്‍ ഗോവിന്ദന്നാുയരുടേയും പ്രവര്ത്ത നമേഖലയില്‍ ഈ പ്രദേശവും ഉൾപ്പെട്ടിരുന്നു. സാമൂഹ്യനീതിക്ക് എതിരെയുള്ള ജനരോഷം ഭരണവർഗ്ഗത്തെ പിടിച്ചുകുലുക്കിയ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച നാടാണിത്. അതില്‍ പ്രധാനമാണ് ചരിത്രപ്രസിദ്ധമായ കല്ലറ-പാങ്ങോട് സമരം. ബ്രിട്ടീഷ് ഭരണാധികാരികളുടെ പ്രതിപുരുഷനെപ്പോലെ പ്രവർത്തിച്ച ദിവാന്‍ സര്‍.സി.പിയുടെ ദുർഭരണത്തിനെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. വെഞ്ഞാറമൂട്, കല്ലറ ചന്തകളിലെ അന്യായമായ ടോള്‍ പിരിവിനും സ്ത്രീകളോടുള്ള മോശമായ പെരുമാറ്റത്തിനുമെതിരെ ജനങ്ങള്‍ സംഘടിച്ചു. വെഞ്ഞാറമൂട് ചന്തപിരിവിനെതിരെ തുടങ്ങിയ സമരം ആളിപ്പടരുകയും കല്ലറ-പാങ്ങോട് സമരമായി മാറുകയും ചെയ്തു. തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ കല്ലറ-പാങ്ങോട് സമരം അവിസ്മരണീയമാണ്.