ജൂൺ 5 പരിസ്ഥിതി ദിനാചരണം- പ്രത്യേക ഗ്രാമസഭ- 05-06-2026 ഉച്ചയ്ക്ക് 2.00 ന് പഞ്ചായത്ത് ഹാളിൽ
ഡിജി പുല്ലമ്പാറ

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി പുല്ലമ്പാറ ഗ്രാമപഞ്ചായത്തിന്‍റെ മാറ്റി തീർത്ത മാതൃകാ പദ്ധതി. എപിജെ അബ്ദുൽ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ അക്കാദമിക് സഹായത്തോടെ അഞ്ച് എൻജിനീയറിങ് കോളേജുകളിലെ 200 വിദ്യാർത്ഥികളും പ്രാദേശിക സന്നദ്ധ പ്രവർത്തകരും ചേർന്ന് പഞ്ചായത്തിലെ ജനങ്ങളെ ഡിജിറ്റൽ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പദ്ധതി. 2022 സെപ്തംബര്‍ 21 ന്  ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് വൻജനാവലിയെ സാക്ഷി നിർത്തി ഡിജിറ്റല്‍ സാക്ഷരതാ പ്രഖ്യാപനം നടത്തിയത്. ഡിജി പുല്ലമ്പാറ എന്ന പദ്ധതിയിലൂടെ ഇരുപത്തിരണ്ടായിരത്തിലധികം ജനസംഖ്യയുള്ള പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് ഇന്ത്യയിലെ നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത നേടിയ ആദ്യത്തെ ഗ്രാമപഞ്ചായത്തായി മാറിയിരിക്കുകയാണ്. പഞ്ചായത്തിലെ എല്ലാ പൗരന്‍മാര്‍ക്കും ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ച് കൊണ്ട് ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുകയായിരുന്നു പ്രോജക്ടിന്‍റെ ലക്ഷ്യം. വിവിധങ്ങളായ പ്രതികൂല സാഹചര്യങ്ങളോട് പോരാടിയാണ് ഈ വിജയം കൈവരിക്കാനായത്.
കോവിഡ് പ്രതിസന്ധി രൂക്ഷമായപ്പോഴാണ് ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം മുന്‍പില്ലാത്ത വിധം പ്രചാരം നേടിയത്. ഓഫീസ് സംവിധാനങ്ങള്‍ ഏതാണ്ട് നൂറുശതമാനം ഡിജിറ്റലായി മാറിയപ്പോള്‍ അവിടെ പിന്‍തള്ളപ്പെട്ടത് ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ വേണ്ടത്ര അറിവ് ലഭിക്കാത്ത ഗ്രാമീണ ജനതയാണ്. വിദ്യാഭ്യാസവും, ബാങ്കിങ്ങും, വ്യാപാരവും, എന്തിനേറെ അറിവുമെല്ലാം ഡിജിറ്റല്‍ രീതിയിലേക്ക് മാറിയപ്പോള്‍ സമൂഹത്തില്‍ ഒറ്റപ്പെട്ട നിലയിലേക്ക് മാറുന്ന ഗ്രാമീണ ജനത ഞങ്ങളുടെ മുന്‍പില്‍ ഒരു യാഥാര്‍ഥ്യമായി നിന്നു. ഇപ്പോഴാകട്ടെ പൊതുജനങ്ങളുടെ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കത്തക്ക വിധം ILGMS സംവിധാനം  തദ്ദേശസ്വയംഭരണ വകുപ്പ് നടപ്പിലാക്കിയിരിക്കുകയാണ്.
ഇവിടെയാണ് ഡിജിറ്റല്‍ സാക്ഷരത എന്ന ആശയം ഉടലെടുത്തത്. എ പി ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാലയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദവും, അത്യന്താപേക്ഷിതവുമായ മോഡ്യൂളുകള്‍ ഉള്‍പ്പെടുത്തി ഒരു പഠനപദ്ധതി തയ്യാറാക്കി.
2021 ഓഗസ്റ്റ് 15 നു ബഹുമാനപ്പെട്ട നിയമസഭാ സാമാജികന്‍ ശ്രീ. ഡി.കെ.മുരളി, ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ സാക്ഷരതാ സര്‍വ്വേയിലൂടെ ഗ്രാമപഞ്ചായത്തിലെ ഡിജിറ്റല്‍ സാക്ഷരത ആവശ്യമുള്ളവരെ കണ്ടെത്തി. അതിനായി സന്നദ്ധപ്രവര്‍ത്തകരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും ഉപയോഗിച്ച് സര്‍വെ നടത്തി. വീടുവീടാന്തരം കയറി ഇറങ്ങിയായിരുന്നു സര്‍വെ. മൊബൈല്‍ ആപ്ലിക്കേഷനും ഇതിനായി ഉപയോഗിച്ചു. പഞ്ചായത്തിലെ 15 വാര്‍ഡുകളിലായി ആകെ 3917 പേര്‍ക്ക് ഡിജിറ്റല്‍ സാക്ഷരതാ പരിശീലനം ആവശ്യമെന്ന് സര്‍വെയില്‍ കണ്ടെത്തി. ഇതില്‍ 385 പേര്‍ക്ക് കാഴ്ചക്കുറവ്, കിടപ്പുരോഗം, മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയുണ്ടായിരുന്നു. 
അസുഖബാധിതരെയും കിടപ്പുരോഗികളെയും ഒഴിവാക്കി 3582 പേര്‍ക്ക് പരിശീലനം നല്‍കാന്‍ തീരുമാനിച്ചു. 14 മുതല്‍ 65 വയസ്സ് വരെയുള്ളവരെ ഉള്‍പ്പെടുത്തി. 45 വയസ്സിനു മുകളിലുള്ളവരായിരുന്നു പഠിതാക്കളില്‍ കൂടുതലും. ഇതില്‍ ഭൂരിപക്ഷവും സ്ത്രീകള്‍.പ്രശസ്ത സിനിമാതാരം സുരാജ് വെഞ്ഞാറമൂട് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി. പദ്ധതിക്ക് ഡിജി പുല്ലമ്പാറ എന്ന പേരും നല്‍കി. ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഡിജിറ്റല്‍ സാക്ഷരത പരിശീലിപ്പിച്ചത്. സ്മാര്‍ട്ട് ഫോണ്‍ ഓണ്‍, ഓഫ്, വാട്സ്ആപ്പ്, വീഡിയോ കോള്‍, ഓഡിയോ കോള്‍, ഫോട്ടോയും വീഡിയോയും ഡൗണ്‍ലോഡ് ചെയ്യല്‍, യൂട്യൂബ്, ഫേസ്ബുക്ക് എന്നിവ പരിചയപ്പെടുത്തല്‍, ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് മനസിലാക്കല്‍ തുടങ്ങിയവയാണ് പാഠ്യവിഷയമായി ഉള്‍പ്പെടുത്തിയത്. ഇത് മൂന്ന് മൊഡ്യൂളാക്കി അവതരിപ്പിച്ചു. കൈപ്പുസ്തകവും ഇറക്കി. 

എ പി ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ എന്‍എസ്എസ് വിഭാഗത്തിന്‍റെ സഹായത്തോടെയാണ് പരിശീലനം ആരംഭിച്ചത്. ഹീരാ എന്‍ജിനീയറിങ്ങ് കോളേജ്, മോഹന്‍ദാസ് എന്‍ജിനീയറിങ്ങ് കോളേജ്, രാജധാനി എന്‍ജിനീയറിങ്ങ് കോളേജ്, മുസ്ലിം അസോസിയേഷന്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങ്, ട്രിനിറ്റി കോളേജ് ഓഫ് എന്‍ജിനീയറിങ്ങ്, തേമ്പാമൂട് ജനതാഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ എന്‍എസ്എസ് യൂണിറ്റുകളിലെ 250 വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പ്രാദേശിക വാളന്‍റിയര്‍ എന്നിവര്‍ വഴിയായിരുന്നു പരിശീലനം. ഗൃഹസന്ദര്‍ശനം വഴിയും, തൊഴിലുറപ്പ് പദ്ധതിയുടെ സൈറ്റുകളില്‍ ഒഴിവ് സമയങ്ങളിലും പ്രാദേശിക പഠന കേന്ദ്രങ്ങളിലുമായിരുന്നു പരിശീലനം. ഓരോ വാര്‍ഡിലും സാമൂഹിക-ഔദ്യോഗിക കലാസാംസ്കാരിക രംഗത്തെ പ്രമുഖരാണ് പഠന പ്രക്രിയയ്ക്ക് തുടക്കം കുറിച്ചത്. തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന നവജ്യോത് ഖോസെ ആയിരുന്നു വെള്ളുമണ്ണടി വാര്‍ഡില്‍ വിദ്യാരംഭത്തിന് തുടക്കം കുറിച്ചത്. പാന്‍ എന്‍വയോണ്‍ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി സര്‍വെ, പഠനം എന്നിവ നടത്താന്‍ സഹായം നല്‍കി. തനത് ഫണ്ടില്‍ നിന്ന് നാലുലക്ഷം രൂപയും ചില കമ്പനികളുടെ വകയായി ലഭിച്ച കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ടും പദ്ധതിക്ക് പ്രയോജനപ്പെടുത്തി. 
മറ്റൊരു പ്രധാന വെല്ലുവിളി അതിഗ്രാമീണമേഖലയുള്ള പഞ്ചായത്തിലെ അഞ്ചു വാര്‍ഡുകളിലും ഒരു കമ്പനിയുടെയും നെറ്റ് വര്‍ക്ക് ഉണ്ടായിരുന്നല്ലെന്നതാണ്. ഇതിനായി ഡി. കെ. മുരളി എംഎല്‍എ യുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ മൊബൈല്‍ കമ്പനികളുടെ പ്രത്യേക യോഗം ചേര്‍ന്നു. ജോണ്‍ ബ്രിട്ടാസ് എംപി യുടെ ഇടപെടലിന്‍റെ ഭാഗമായി ടവറും സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് പി വി രാജേഷ്, പദ്ധതി കോ-ഓര്‍ഡി നേറ്റര്‍ ഷംനാദ് പുല്ലമ്പാറ, ജില്ലാ വനിതാക്ഷേമ ഓഫീസര്‍ സജീന സത്താര്‍, സനോബ് കെ എ എസ്, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജില്ലാ എഞ്ചിനീയര്‍ ദിനേശ് പപ്പന്‍ എന്നിവരടങ്ങുന്ന കോര്‍ ടീമാണ് പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത്. ഏഴ് മുതല്‍ 14 ദിവസം വരെയാണ് ഓരോ വാര്‍ഡിലും പരിശീലനം നല്‍കിയത്.
പഞ്ചായത്തിലെ 14 മുതല്‍ 65 വയസ്സ് വരെയുള്ള ഡിജിറ്റല്‍ നിരക്ഷരരായ 3564 (96.8%) പേര്‍ ഉള്‍പ്പെടെ പഞ്ചായത്തിലെ എല്ലാ ജനങ്ങള്‍ക്കും ഡിജിറ്റല്‍ സാക്ഷരത കൈവരിക്കാന്‍ ഈ പ്രോജക്ടിലൂടെയായി. 65 വയസ്സ് കഴിഞ്ഞവരെയും ഈ പ്രോജക്ടിന്‍റെ ഭാഗമാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്ത് പറയേണ്ടതാണ്. അവരില്‍ പലരും ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവരായി സമൂഹത്തില്‍ ഇന്നും നിറഞ്ഞു നില്‍ക്കുകയാണ്.
2022 ഏപ്രില്‍ 18 ന് പൂര്‍ത്തീകരിച്ച ഡിജി പുല്ലമ്പാറയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം 2022 സെപ്തംബര്‍ 21 ന് ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം.ബി രാജേഷിന്‍റെ അദ്ധ്യക്ഷതയില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. പുല്ലമ്പാറ ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രത്തിലെ അഭിമാന നിമിഷത്തിനാണ് നാട് സാക്ഷ്യം വഹിച്ചത്. പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് തുടങ്ങി വച്ച് അഭിമാനകരമായി പൂർത്തിയാക്കിയ ‘ഡിജി പുല്ലമ്പാറ’ ഇന്ന് ഡിജി കേരളയായി മാറി. കേരളത്തെ സമ്പൂർണ്ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാക്കി 2025 ആഗസ്റ്റ് 21 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രഖ്യാപിക്കുമ്പോൾ അഭിമാന നിമിഷത്തിലായിരുന്നു പുല്ലമ്പാറ.